കഥ ,കവിത

Friday, July 22, 2011

തിരിഞ്ഞു നോട്ടം

    തിരിഞ്ഞു നോട്ടം
നഗര സന്ധ്യക്ക്‌ പതിവിലും കൂടിയ നിഗൂഡതയുണ്ടിന്നെന്നു അവള്‍ക്ക് തോന്നി. ഒരുപാട് തവണ സന്ധ്യാ സമയത്ത് അവള്‍ ഇതേ ബസില്‍ നാട്ടിലേക്ക് യാത്ര ചെയ്തിട്ടുണ്ട് .പക്ഷേ അന്നൊന്നും തോന്നാത്ത ഒരു ഘന ഗംഭീരത അന്നത്തെ സന്ധ്യയില്‍ അവള്‍ക്ക് അനുഭവപെട്ടു .അവളുടെ ബസ്‌ നഗരത്തിന്റെ തിരക്കുകളെ കീറിമുറിച്ചു കൊണ്ട് പതുക്കെ മുന്നോട്ടു നീങ്ങികൊണ്ടിരുന്നു .
"ഇല്ല ഇനി ഞാന്‍ കരയില്ല ഇതവള്‍ സ്വയം മനസ്സിനോട് പറഞ്ഞു കൊണ്ടിരുന്നു കടല്‍ തീരത്ത് സ്ഥിതി ചെയ്യുന്ന നഗരത്തില്‍ പതുക്കെയടിച്ചുകൊണ്ടിരുന്ന തണുപ്പുള്ള ഇളം കാറ്റ് അവളുടെ മുടിയിഴകളെ  പിന്നോട്ട് തെറിപ്പിച്ചു കൊണ്ടിരുന്നു .നഗരത്തിലെ പുല്‍മൈതാനത്തില്‍ സായാഹ്നം ആഘോഷിക്കുവാനെത്തിയ കുടുന്ബങ്ങള്‍ എല്ലാം മറന്നു ആഹ്ലാദിക്കുന്നു അച്ഛനമ്മമാരുടെ കണ്ണെത്തും ദൂരത്ത്പീപ്പി വിളിച്ചു ബലൂണ്‍ പറപ്പിച്ചു കൊണ്ട് ഓടി നടക്കുന്ന കുഞ്ഞുങ്ങളുടെ ചവിട്ടടികള്‍ തന്റെ ഹൃദയത്തില്‍ പതിച്ച് പെരുമ്പറ മുഴക്കുന്നത് പോലെ അവള്‍ക്ക് തോന്നി.അവിടെ കാമുകന്റെ മടിയില്‍ തല വെച്ച് കിടക്കുന്ന കാമുകി ഞങ്ങളാണ് ഈ ലോകത്തെ ഏറ്റവും ഭാഗ്യവാന്മാര്‍ എന്ന് അവളോട്‌ വിളിച്ചു  പറയുന്നുണ്ടായിരുന്നു.മൈതാനത്തി

ന്റെ പുറത്തെ നടപ്പാതയില്‍ രണ്ടു കാലുകളുടെയും സ്ഥാനത്ത് വ്രണം കയറിയ മാംസപിണ്‍ഡങ്ങളുമായി ഭിക്ഷ യാചിക്കുന്ന ഭിക്ഷക്കാരനെ ഗൌനിക്ക്കാതെ ,വൈകിട്ടുള്ള ടുഷനും കഴിഞ്ഞു മടങ്ങുന്ന സ്കൂള്‍ കുട്ടികളെപ്പറ്റിയും അവരുടെ ലോകത്തെപ്പറ്റിയും ഇന്നവള്‍  ആലോചിച്ചില്ല മൈതാനത്തിന്റെ തെക്കേ മൂലയില്‍ സ്ഥിതി ചെയ്യുന്ന വിശ്വസാഹിത്യകാരെന്റെ ശില്പത്തിന് ചുവട്ടില്‍ നിന്നും തുടങ്ങുന്ന തെരുവില്‍ ജനങ്ങള്‍ ഈയം പാറ്റകളെ  പോലെ ,ജീവിതത്തിനു വേണ്ടി പരസ്പരം നോക്കിക്കൊണ്ട്‌ എന്നാല്‍ പരസ്പരം കാണാതെ,നടന്നു കൊണ്ട് ഓടുന്നത് അവള്‍ നിസംഗതയോട് കൂടി നോക്കി നിന്നു .അതിനു തൊട്ടപ്പുറത്തുള്ള പള്ളിയില്‍ നിന്നും ബാങ്ക് വിളിയുണര്‍ന്നപ്പോള്‍ ദൈവം പോലും തന്നോട് അട്ടഹസിക്കുന്നതായി അവള്‍ക്ക് തോന്നി.ബാങ്കിന്റെ ശബ്ദം അവളുടെ ഹൃദയത്തെ വേഗത്തില്‍ മിടിപ്പിച്ചു കൊണ്ടിരുന്നു. മൈതാനത്തിനു ചുറ്റുമുള്ള വിളക്കു കാലുകളിലെ നിയോണ്‍ ബള്‍ബുകള്‍ ഒരുമിച്ച് പ്രകാശിച്ചത് തൊട്ടപ്പുറത്തുള്ള ചിറയില്‍ പ്രതിഫലിച്ചപ്പോള്‍ ആകാശപന്തലിനു തീ പിടിച്ചത് പോലെ തോന്നി താന്‍ ആ തീയില്‍ പെട്ട് ഉരുകി പോവണമേ എന്നവള്‍ പ്രാര്‍ഥിച്ചു .ചിറയുടെ പടിഞ്ഞാറുള്ള തിയ്യറ്ററില്‍ പുതിയ സിനിമയുടെ ടിക്കെട്ടിനു വേണ്ടി ചെറുപ്പക്കാര്‍ പ്രാണന്‍ മറന്നു പൊരുതുന്നുണ്ടായിരുന്നു.തൊട്ടപ്പുറത്തുള്ള ടൌണ്‍ ഹാളില്‍ ഗാനമേള നടക്കുന്നു .അവിടെ നിന്നും പുറത്തേക്കു വരുന്ന സംഗീതം അവളുടെ ഹൃദയത്തെ കീറി മുറിക്കുന്നതായി അവള്‍ക്ക് തോന്നി.
പട്ടണം വിടും തോറും ബസിന്റെ വേഗതയും കാറ്റിന്റെ ശക്തിയും കൂടി വന്നു ബസിലെ തിരക്ക് കുറഞ്ഞു വന്നു .നാട്ടിലെക്കടുക്കും തോറും ഹൃദയത്തിന്റെ ഭാരവും മനസിന്റെ വിങ്ങലും കുറഞ്ഞു തുടങ്ങി .ബസ്‌ സ്റ്റോപ്പില്‍ കാത്തു നില്‍ക്കുന്ന അനിയനെ ദൂരെ നിന്നും കണ്ടപ്പോള്‍ തന്നെ അവളുടെ മനസിലും  ചുണ്ടിലും ഒരു ചെറിയ പുഞ്ചിരി വിടര്‍ന്നു ..............
തന്റെ ജീവന്റെ നല്ല പാതിയോടു കലഹിചിറങ്ങി പോന്ന എന്റെ കൂട്ടുകാരിയെ ഞാന്‍ ഇപ്പോള്‍ നിങ്ങള്‍ക്കു കാണിച്ചു തന്നു ഇനിയുള്ള കഥ ഈ ലോകത്ത് എത്ര വിവാഹിതന്‍മാരുണ്ടോ അത്രയും വിധത്തിലാവാം ,അതേ ബാക്കി കഥ എന്റെ വിവാഹിതരായ സുഹ്ര്‍ത്തുക്കള്‍ക്ക്‌ തീരുമാനിക്കാം .....നിങ്ങളുടെ ഇഷ്ടം പോലെ ...................  

0 comments: